Wednesday, 5 January 2011

ഇൻഡ്യൻ നിയമവ്യവസ്ഥയെന്നൊന്നുണ്ടോ?

ബീഹാറിലെ ഒരു എം.എൽ.എ.യെ ജനമദ്ധ്യത്തിൽ വെച്ച് കുത്തിക്കൊന്ന രൂപം പഥക്കിന് ഒട്ടും പശ്ചാതാപമില്ലെന്ന് ഉറപ്പിച്ചു പറയുന്നു.തന്റെ ജീവിതം നശിപ്പിച്ചൊരാളെ അർഹമായ രീതിയിൽ ശിക്ഷിക്കാൻ നമ്മുടെ നാട്ടിലെ നിയമവ്യ്‌വസ്ഥ തയ്യാറാവുകയില്ലെന്ന് അവർക്ക് നല്ല തീർച്ചയുണ്ട്.
സ്വന്തമായ രീതിയിൽ നിയമം നടപ്പിലാക്കിയ അവർ തെറ്റുകാരിയെന്ന് നമ്മുടെ ഭരണഘടന പറയും.
സംസ്ക്കാരചിത്തരായ ഒരു ജനതയും അതു മാത്രമേ പറയൂ.
പക്ഷെ,ഇയാൾക്കെതിരെ പൊലീസ് കേസ് കൊടുത്ത് നീതിക്ക് വേണ്ടി കാത്തിരുന്നു മാസങ്ങളോളം.അവസാ‍നം സ്വന്തം ഭർത്താവ് തന്നെ എം.എൽ.എ.ക്ക് അനുകൂലമായി മൊഴി നൽകുകകൂടി ചെയ്തപ്പോഴാകണം അവർ തനിയേ നീതി നടപ്പാക്കാനിറങ്ങിത്തിരിച്ചത്.
ഈയൊരു ഘട്ടത്തിലേക്ക് സംഭവങ്ങൾ വളർന്ന പശ്ചാതലം നമുക്ക് ഊഹിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല

ആരോപണങ്ങളും കുറ്റപത്രങ്ങളും ചോദ്യംചെയ്യലുകളും കോടതിവിസ്താരവുമൊക്കെ കഴിഞ്ഞ്, രാഷ്ട്രീയരംഗത്തോ പൊതുരംഗത്തോ പ്രശസ്തനായഏതെങ്കിലുമൊരു വ്യക്തിയെ നമ്മുടെ നാട്ടിൽ ഇന്നേവരെ ശിക്ഷിച്ചിട്ടുണ്ടോ,
മരുന്നിനെങ്കിലും?
സാധാരണജനം നിയമം കയ്യിലെടുത്ത് ശിക്ഷാവിധി നടപ്പിലാക്കുന്ന പ്രവണത അപകടകരമാണെന്നതിൽ സംശയമില്ല.
ഈ ഒരപകടത്തിലേക്ക് ഒരു നാട് പതിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ
ആരാണ് അതിനുത്തരവാദി?
പരമോന്നത നീതിപീഠത്തിലിരിക്കുന്ന പരമോന്നത ന്യായാധിപൻ തന്നെ നാട്ടിലെ നീതിവ്യവസ്ഥയെ പരിഹസിക്കുമ്പോൾ,നമ്മൾ സാധാരണക്കാർ ഇനി ഏത് നിയമസംഹിതയിലാണ് വിശ്വാസമർപ്പിക്കേണ്ടത്?