Thursday 25 December 2008

സന്മനസ്സും സമാധാനവുമായൊരു ക്രിസ്തുമസ്

(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
മെഴുകുതിരിനാളത്തിന്റെ സൌമ്യപ്രഭ നിറയുന്ന
ഒരു ക്രിസ്തുമസ് ദിനം
എല്ലാവർക്കും
ആശംസിയ്ക്കുന്നു

Wednesday 10 December 2008

വളയണിക്കൈകൾ ഇത്ര മോശമോ?

ഭീകരാക്രമണം കഴിഞ്ഞ് മുംബൈയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നുള്ള
ഒരു ചിത്രമാണിത്.
ഉത്തരേന്ത്യയിൽ, നേതാക്കന്മാരേ അപമാനിയ്ക്കണമെന്നോ പരിഹസിയ്ക്കണമെന്നോ തോന്നുമ്പോൾ, അവർക്ക് വള സമ്മാനമായി കൊണ്ടുപോയി കൊടുക്കുന്ന ഒരു പതിവിനെപ്പറ്റി
എല്ലാവരും എപ്പോഴെങ്കിലും പത്രങ്ങളിൽ വായിച്ചുകാണും.
സ്ത്രീകളിടുന്ന വള പ്രയോജനശൂന്യതയുടേയും ഭീരുത്വത്തിന്റെയും ഒക്കെ ലക്ഷണമാണവർക്ക്.
എന്നുവെച്ചാൽ സ്ത്രീത്വത്തിന്റെ പ്രതീകം!.
തൊട്ടിലാട്ടുന്ന,വേണ്ടിവന്നാൽ തോക്കെടുക്കാൻ വരെ തയാറാകുന്ന, വളയണിക്കൈകൾക്ക് യാതൊരു വിലയുമില്ലെന്നും നിഷ്ഫലമാണെന്നും
വിശ്വസിയ്ക്കുന്ന പെണ്ണുങ്ങൾ തന്നെ,മന്ത്രിമാരെ വളയണിയിയ്ക്കാൻ ജാഥയായിപ്പോകാറുമുണ്ട്.
ആയിരക്കണക്കിനു കുടുംബങ്ങൾ അടുപ്പിൽ തീപുട്ടുന്നത് ഇവർ പുഛിയ്ക്കുന്ന
ഈ ‘ബാർഗേൾസ്’നൃത്തം ചെയ്യുന്നത്കൊണ്ടാൺ.

Friday 5 December 2008

ചാനലുകൾ തീവ്രവാദികളെ പിന്തുണച്ചപ്പോൾ..

ഇന്നു വായിച്ച ഈ പത്രവാർത്ത,സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു!
ഇത് ശരിയാണെങ്കിൽ ഈ വിവരം പുറത്തുവിട്ട ചാനലുകളെ വെറുതെ വിടാ‍മോ?
ഭാവിയിലിതുപോലെ സംഭവിയ്ക്കാതിരിയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ 
അധികാരത്തിലിരിയ്ക്കുന്നവർ നടപടികളെടുക്കുമോ?
 
“ During the siege of the Taj almost all channels ran the story that 150 people had taken refuge in its Chambers club.
When they were given the signal to leave,they found the terrorists waiting for them;
only a few a escaped being gunned down.
The inference is clear,we sitting in our homes weren't the only ones watching television.
The terrorists were too.”
-SUBVERSE-Anil Dharker (TOI)

Saturday 29 November 2008

കവിതാകാർക്കറെ മോഡിയോട് പറയുന്നത്


മുബൈ 26/11 ന്റെ രക്തസാക്ഷിയായ ഹേമന്ത് കാർക്കറെയുടെ ഭാര്യ കവിതാ കാർക്കറെ,മോഡി കനിവോടെ വെച്ചുനീട്ടിയ 25 ലക്ഷം നിരസിച്ചിരിയ്ക്കുന്നു.
മലെഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിൽ,സംശയത്തിന്റെ സൂചിമുന ഹിന്ദു തീവ്രവാദികളിലേയ്ക്ക് നീട്ടിയതീന്,തീവ്രവാദവിരുദ്ധസേനയുടെ തലവനായ കാർക്കറെ കാവിപ്പടയുടെ വിലകുറഞ്ഞ വിമർശനങ്ങൾക്ക് പാത്രമായിരുന്നു.അഡ്വാനിയും മോഡിയുമടക്കമുള്ള സാത്വികന്മാർ,അദ്ദേഹത്തെ നർക്കോട്ടിക്ക്
പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് വരെപ്പറഞ്ഞിരുന്നു.പാപപരിഹാരമെന്നപോലെ പശ്ചാതാപ വിവശനായാകണം മോഡി കാർക്കറുടെ ജീവനൊരു വില നിശ്ചയിച്ചത്,കൂട്ടത്തിലൊരു മുഖം രക്ഷിയ്ക്കലും.


മരിച്ചുപോയ ഭർത്താവിന്റെ ആത്മാഭിമാനം സംരക്ഷിച്ച കവിത,അധികമൊന്നും പറയാതെ ഈയൊരൊറ്റ പ്രവർത്തികൊണ്ട് വർഗ്ഗീയവാദികൾക്ക് കൊടുത്തൊരു സന്ദേശമുണ്ട്.
സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം.
മുൻപിൽനിന്നു നയിച്ച് രാജ്യത്തേയും,ജാതിയും മതവും അറിയാത്ത നിസ്സഹായരായ
മനുഷ്യരേയും സംരക്ഷിയ്ക്കുകയാൺ ഒരു രാജ്യസ്നേഹി ചെയ്യുക-
അതിന് സ്വന്തം ജീവൻ കൊടുത്തിട്ടാണെങ്കില്‍പ്പോലും.

Friday 28 November 2008

വോട്ട് ചോദിച്ചാൽ....

26/11/2008
മുംബൈയിലൊഴുകിയ രക്തം മുതലാക്കി
വോട്ട് ചോദിയ്ക്കാനിറങ്ങുന്ന മനുഷ്യകീടങ്ങളെ
ഒന്നൊഴിയാതെ തള്ളിപ്പറയാനുള്ള വിവേകം
ഇൻഡ്യ കാണിയ്ക്കുമോ?

Thursday 27 November 2008

കമ്യൂണിസമേ,നീയൊരു ബലൂൺ യാത്രക്കാരനോ?

ഒരു ദിവസം തുടങ്ങുമ്പോഴൊ അവസാനിയ്ക്കുമ്പൊഴൊ ഒക്കെ,ദൈനംദിനവ്യാപാരങ്ങളിൽ നിന്നൂർന്നുവീണ
എന്തെങ്കിലുമൊന്ന് മനസ്സിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടാകും.
അവയിൽച്ചിലതൊക്കെ പോസ്റ്റാക്കണമെന്ന് വിചാരിച്ച് മനസ്സിലെഴുതും,പിന്നെ മായ്ച്ചും കളയും.
അവസാനം അതിനായിമാത്രം ഒരു ബ്ലോഗ് തുടങ്ങിയേക്കാമെന്ന് തീരുമാനിച്ചു.
(കുറെനാളെങ്കിലും ബ്ലോഗിങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിശ്ചയിച്ച ഞാനാണേ...)


സക്കറീയയുടെ ആഫ്രിയ്ക്കൻ സഫാരി വായിയ്ക്കുകയാൺ...
മസായി മാര നാഷണൽ പാർക്കിലൂടെയാണിപ്പോൾ സഞ്ചാരം
അദ്ദേഹവും കുടുംബവും മറ്റ്ചിലരുമാൺ ഒരു സഫാരി വാഹത്തിൽ പുറപ്പെട്ടിരിയ്ക്കുന്നത്.
പച്ചക്കടൽ പോലെ പരന്നു കിടക്കുന്ന പുൽമേടുകളിൽ,ചക്രമുരുണ്ട ചെളിപ്പാതകൾ മാത്രമാൺ ആകെയുള്ള ദിശാസൂചിക.
ആനമയിലൊട്ടകങ്ങളെയൊക്കെ അകലെനിന്നും,ചിലപ്പോൾ അപകടകരമാംവിധം അടുത്തു ചെന്നുംകണ്ട് വണ്ടി മുന്നോട്ടുരുളുന്നു...
അകലെ ചക്രവാളത്തിൽ സിറിയ മലംഭിത്തി ആകാശത്തെ തൊടുന്നത് കാണാറാകുന്നു...
മാരയുടെ അതിർത്തികളിലൊന്നായ സിറിയ മലംഭിത്തിയുടെ (Sirria Escarpment) ചെരുവിലാൺ ആഗാഖാൻ തന്റെ ലോകപ്രശസ്തമായ ഹോട്ടൽ ‘മാര സെറീന’പണിതിരിയ്ക്കുന്നതത്രെ.

ഇനി യാത്രികന്റെ വാക്കുകൾ-

“ പെട്ടന്ന്,അത്ഭുതമേ,ഈ പുല്ലിന്റെ അലകടലിൽ ഒരു വിമാനമിരിയ്ക്കുന്നു!കാറ്റിന്റെ ഗതി കാണിയ്ക്കുന്ന തുണിക്കുഴലും പറന്നു നില്‍പ്പുണ്ട്.ചുമടുതാങ്ങി പോലെ ഒന്നുരണ്ടു മണ്ഡപങ്ങളും കാണാം.ലോകത്തിലെ മഹാധനികർക്കു മാര സെറീന ലോഡ്ജിൽ ചെന്നത്താനുള്ള വിമാനത്താവളമാണത്.അവർ ഞങ്ങളെപ്പോലെ ചെളിപ്പാതകളിലൂടെ ഉരുളുന്നവരല്ല-അതിനുള്ള സമയവും ഉണ്ടാവില്ല.അവിടെത്തന്നെയുള്ള ധാരാളം പൈസയുള്ള സന്ദർശകർക്കുവേണ്ടിയുള്ള ഒരു അന്യാദൃശ്യ അനുഭവത്തിന്റെ തുടക്കം-മാരയ്ക്ക് മീതെയുള്ള ബലൂൺ യാത്ര.
‘മാര സെറീന’ ലോഡ്ജിൽ താമസത്തിനും ബലൂൺ യാത്രയ്ക്കുമെല്ലാം ധാരാളം മലയാളികൾ വരാറുണ്ടത്രെ.

കമ്യൂണിസമേ,ഞാൻ ചിന്തിച്ചു,നിന്നെക്കൊണ്ട് എന്തുപ്രയോജനം?
നീ മലയാളികളെ മുതലാളികളാക്കാൻ ഇങ്ങിനെ കയറൂരി വിട്ടിരിയ്ക്കുകയാണോ?
അതോ നീ തന്നെ ഒരു ബലൂൺ യാത്രക്കാരനാണോ?”

കറിയാച്ചന്റെ തമാശ വായിച്ച് തനിയെ ഇരുന്നുംകിടന്നുമൊക്കെ കുറേ ചിരിച്ചു.
അപ്പോൾത്തോന്നിയതാൺ,ഇവിടെകൂടിയൊന്ന് പങ്ക് വെച്ചേക്കാം.