Wednesday, 21 January 2009

സൂപ്പർതാര സർക്കസ്സ് കൂടാരത്തിൽ മുരളീ

രണ്ടുദിവസം മുൻപ് തൽക്കാലത്തേയ്ക്കൊന്ന്

വിടവാങ്ങിയെങ്കിലും

എതിരൻ കതിരവന്റെ

പോസ്റ്റിനൊരു കമന്റിട്ടപ്പോൾ,അതിവിടെ കൂടിയാകട്ടെയെന്ന് വിചാരിച്ചു.


‘അമൃതാടിവി’യിൽ ഈ നോവൽ-പാറപ്പുറത്തിന്റെ ‘അരനാഴികനേരം‘- സീരിയലായി വരുന്നുണ്ട്.മുരളിയാൺ കഥാനായകൻ.ഞാൻ ഈ സിനിമ കാണുകയോ പുസ്തകം വായിയ്ക്കുകയോ ചെയ്യാത്തതുകൊണ്ട്,നിരുപാധികം കാണാൻ പറ്റുന്നു.മൂലകഥയിലേയ്ക്ക് പലതും കൂട്ടിച്ചേർത്തുവെന്നും,വലിച്ചുനീട്ടുന്നുവെന്നുമൊക്കെ പലപ്പോഴും തോന്നാറുണ്ടെങ്കിലും പൊതുവേ നന്നായെടുത്തിട്ടുണ്ട്.

വിശദാംശങ്ങളിൽ ആ കാലത്തോട് നീതിപുലർത്തിയും,നാട്ടുഭാഷയുടെ മധുരം നിലനിർത്തിയുമൊക്കെ തുടരുന്ന സീരിയലിന്റെഹൈലൈറ്റ് മുരളിയുടെ അഭിനയം തന്നെയാൺ.
അമിതാഭിനയത്തിലേയ്ക്ക് വഴുതിവീഴാൻ സാദ്ധ്യത ഏറെയുള്ള
വേഷം,വളരെ ഒതുക്കിയും ശബ്ദനിയന്ത്രണത്തിലൂടെ അത്ഭുതങ്ങൾ സാധിച്ചുമൊക്കെ മുരളി അതിഗംഭീരമാക്കുന്നു.

അത് കാണുമ്പോളൊക്കെ വല്ലാത്ത വിഷമം തോന്നും-ഈ നടനചാതുര്യം മലയാളസിനിമ ഉപയോഗപ്പെടുത്തുന്നില്ലല്ലൊ!

തിലകനും,നെടുമുടിയും മുരളിയുമൊക്കെ സൂപ്പർതാര സർക്കസ്സ്കൂടാരത്തിൽ വെറും കാഴച്ചക്കാരായി മാറിനിൽക്കേണ്ടിവരുന്ന അവസ്ഥ നമ്മുടെ നിർഭാഗ്യമാൺ.

Thursday, 8 January 2009

അതു താനല്ലയോ ഇത്?


ആരുടെ ചിത്രമാണിതെന്ന് മനസ്സിലായല്ലൊ.

Albert Einstein തന്നെയാണൊന്നുറപ്പല്ലേ?

ഇനിയൊന്ന് പതുക്കെ എഴുന്നേറ്റ് കണ്ണെടുക്കാതെ പുറകോട്ട് നടക്കു....

പോട്ടെ............... പോട്ടെ...............

ഒരു 10-15 അടി പോട്ടെ......

ആരാദ്?

Einstein ആണെന്ന് ഇപ്പൊ ഉറപ്പിച്ച് പറഞ്ഞല്ലേയുള്ളു?

മാറ്റിയോ?


സുന്ദരീടെ പേരറിയാല്ലൊ അല്ലേ?

Marilyn Manroe


ബാബൂന് അദ്വൈത സിദ്ധാന്തം മനസ്സിലാക്കിക്കൊടുക്കാനൊരു ശ്രമം



Friday, 2 January 2009

മമ്മുട്ടിയുടെ ബ്ലോഗിനെപ്പറ്റി അൽ‌പ്പം കൂടി

ഹാവൂ!മമ്മൂട്ടിയുടെ ബ്ലോഗിൽ എന്റെ കമന്റ് വന്നൂട്ടൊ.
ഒരല്പം വിമർശനാത്മകമായി എഴുതിയതുകൊണ്ട് മോഡറേറ്റർ ഹനിച്ചുകളഞ്ഞുവോയെന്നൊരു സംശയമുണ്ടായിരുന്നു.

ഇനിയെന്റെ നയം വ്യക്തമാക്കട്ടെ-
എനിയ്ക്കങ്ങിനെ അന്ധമായ ആരാധന ആരോടുമില്ല.
പക്ഷെ എന്തെങ്കിലുമൊരു കല കയ്യിലുള്ളവരോട് എപ്പോഴും മതിപ്പാൺ(മറ്റേതൊരു വിഭാഗത്തേക്കാളും)

മമ്മൂട്ടിയും മോഹൻലാലുമൊക്കെ,മറ്റിൻഡ്യൻ ഭാഷകളിലെ നടന്മാരുമായി താരതമ്യം ചെയ്യുമ്പോൾ,നമുക്കെന്നും അഭിമാനിയ്ക്കാവുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷെ,അഭിനേതാക്കൾ എന്ന നിലയിൽ,ഇന്നത്തെ അവരുടെ
പൊതുവെയുള്ള അപകർഷത്തിന് കാരണമെന്താണ്?
ഇന്നത്തെ മലയാളസിനിമ,ഒഴുക്കുനിലച്ച് അഴുക്കു കെട്ടി കിടക്കേണ്ടി വന്നതിന് ആരൊക്കെയാൺ ഉത്തരവാദികൾ?

ഇതൊക്കെ നമ്മുടെ ബ്ലോഗുകളിൽ ഗൌരവമായി ചർച്ചചെയ്യുമെങ്കിൽ,ബ്ലോഗ് ലോകത്തെത്തിയ മമ്മൂട്ടി ഒരു പക്ഷെ കാണുമായിരിയ്ക്കും.
അല്ലെങ്കിൽ നമുക്കിതൊക്കെ അദ്ദേഹത്തിന്റെ ബ്ലോഗിൽച്ചെന്നു പറയാം (പക്ഷെ,സിനിമ ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്-വെറുതെ അലമ്പുണ്ടാക്കാനായി വായിൽത്തോന്നുതൊക്കെ എഴുതിവിടുന്നവരെ ഒഴിവാക്കാനാകും).

സത്യം പറഞ്ഞാൽ അതെന്നെ നിരാശപ്പെടുത്തി.
മമ്മൂട്ടിയുടെ നമുകിഷ്ട്ടപ്പെട്ട വേഷങ്ങളെപ്പറ്റി അദ്ദേഹത്തിനറിയാൻ താല്പര്യമുണ്ടാകില്ലേ? എന്തുകൊണ്ട് ചില വേഷങ്ങൾ ഇഷ്ട്ടപ്പെട്ടില്ല എന്നും അറിയണമെന്നുണ്ടാകില്ലേ?
നല്ല സിനിമയെപ്പറ്റിചർച്ചചെയ്യാൻ താല്പര്യമുണ്ടാകില്ലേ?


മമ്മൂട്ടിയുടെ ബ്ലോഗിൽ, ഒരു പൌരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ആകാംക്ഷകൾക്കൊപ്പം,ഒരു അഭിനേതാവെന്നെ നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഇടം നേടുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

Thursday, 1 January 2009

മമ്മൂട്ടിയുടെ ബ്ലോഗ്

കൂട്ടരെ, ദേ നമ്മുടെ മമ്മൂട്ടി ഒരു ബ്ലോഗ് തുടങ്ങിയിരിയ്ക്കുന്നു,
ഇതുവരെ കണ്ടില്ലെങ്കിൽ

ഇവിടെയൊന്നു മുട്ടു